മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിച്ച കസബ എന്ന ചിത്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ പാര്‍വതിക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത് . സംവിധായകന്റെ കൈയ്യിലെ വെറും ഒരു ഉപകരണം മാത്രമാണ് നായികാ നായകന്മാരെന്നും അതുകൊണ്ടു തന്നെ നമ്മുടെ കഥാപാത്രം എന്തൊക്കെ പറയണമെന്ന കാര്യത്തില്‍ നിയന്ത്രണം വെക്കാന്‍ നായകനോ നായികയ്‌ക്കോ കഴിയില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
ഇവിടെ റിലീസാകുന്ന ഭൂരിഭാഗം സിനിമകളിലേയും സ്‌ക്രിപ്റ്റ്, ഡയറക്ടര്‍, പ്രൊഡ്യൂസര്‍ എല്ലാം ആണുങ്ങളാകും. അപ്പോള്‍ അവര്‍ ഒരു സ്ത്രീയെ എങ്ങനെ കാണുവാന്‍ ആഗ്രഹിക്കുന്നുവോ അതു പോലെയാകും സ്ത്രീകളെ ചിത്രീകരിക്കുകയെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.
‘മുടക്കു തിരിച്ചു പിടിക്കുക, നന്നായ് ബിസിനസ്സു ചെയ്യുക എന്നത് മാത്രമാണ് അവാര്‍ഡ് സിനിമാ ചെയ്യുന്നവരുടേയും, കൊമേഷ്യല്‍ ഫിലിം ചെയ്യുന്നവരുടെയും ഏക ലക്ഷ്യം. അല്ലാതെ നാടു നന്നാക്കാനോ, സമൂഹത്തെ ഉദ്ദരിക്കാനോ അല്ല.’ സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കുന്നു.
മമ്മൂട്ടിയുടെ കസബയിലെ ഡയയോഗുകളും ആംഗ്യങ്ങളും സ്ത്രീകളെ അവഹേളിക്കുന്നതാണെന്ന് പാര്‍വതി പറഞ്ഞിരുന്നു. ഇതുപോലുള്ള നായകത്വങ്ങള്‍ നമുക്ക് വേണ്ടെന്ന് പാര്‍വതി തുറന്നടിച്ചു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയായി. ഈ സാഹചര്യത്തിലാണ് സന്തോഷ് പണ്ഡിറ്റ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
‘ഞാന്‍ അടുത്തിറങ്ങിയ ഒരു ചിത്രം കണ്ടു. അതൊരു ഹിറ്റായിരുന്നുവെന്ന് ഞാന്‍ പറയുന്നില്ല. ആ ചിത്രം കസബയാണ്. എനിക്കത് നിര്‍ഭാഗ്യവശാല്‍ കാണേണ്ടിവന്ന ചിത്രമാണ്. ആ സിനിമയുടെ അണിറയില്‍ പ്രവത്തിച്ച എല്ലാ സാങ്കേതിക പ്രവര്‍ത്തകരോടുമുള്ള ബഹുമാനം മനസ്സില്‍ വച്ചു തന്നെ പറയട്ടെ. അതെന്നെ വല്ലാതെ നിരാശപ്പെടുത്തി. അതുല്ല്യമായ ഒരുപാട് സിനിമകള്‍ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്’. എന്നായിരുന്നു പാര്‍വതി പറഞ്ഞത്.