ന്യൂയോര്‍ക്ക്: തിങ്കളാഴ്ച രാവിലെയായിരുന്നു ന്യൂയോര്‍ക്ക് സിറ്റിയിലെ പോര്‍ട്ട് അഥോറിറ്റി ബസ് ടെര്‍മിനലിനും സബ്വേ സ്റ്റേഷനുമിടയിലെ ഇടനാഴിയില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ചാവേറിനെ ന്യൂയോര്‍ക്ക് ബെല്ലവ്യൂ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
നഗരഹൃദയത്തിലെ പ്രശസ്തമായ ടൈംസ് സ്‌ക്വയറില്‍ പോര്‍ട്ട് അഥോറിറ്റി ബസ് ടെര്‍മിനലിനു സമീപം 42-ാം സ്ട്രീറ്റും 8-ാം അവന്യുവും സന്ധിക്കുന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. ആള്‍ക്കൂട്ടത്തിലൂടെ നടക്കുകയായിരുന്ന ചാവേറിന്റെ അരയില്‍ കെട്ടിയിരുന്ന പൈപ്പ് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ബസ് ടെര്‍മിനലിന്റേയും ട്രെയിന്‍ സ്റ്റേഷന്റെയും ഇടനാഴിയിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമമായി ബോംബ് പൊട്ടിയത്. ഈ സമയത്ത് അക്രമിയുടെ മുന്‍പിലും പിന്‍പിലും മറ്റും നടന്നിരുന്നവര്‍ നാലുപാടും ചിതറിയോടി. ബോംബ് പൊട്ടിയയുടനെ ചാവേര്‍ താഴെ വീഴുന്നതും മറ്റും സിസി ടിവി ക്യാമറാ ദൃശ്യങ്ങളില്‍ കാണാം.
ബംഗ്ലാദേശ് വംശജനും അമേരിക്കയിലെ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡുമുള്ള അകയ്ദുള്ള എന്ന ഇരുപത്തേഴുകാരനാണ് ചാവേറായി സ്‌ഫോടനം നടത്തിയതെന്ന് ന്യൂയോര്‍ക്ക് സിറ്റി പോലീസ് പറഞ്ഞു. 5 ഇഞ്ച് വലിപ്പമുള്ള പൈപ്പ് ബോംബും ബാറ്ററികളും വയറുകളും ചാവേറില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. താന്‍ ജോലി ചെയ്യുന്ന ഇലക്ട്രിക്കല്‍ കമ്പനിയില്‍ വെച്ചാണ് ബോംബുണ്ടാക്കിയതെന്ന് അയാള്‍ പറഞ്ഞതായി പോലീസ് സ്ഥിരീകരിച്ചു. അമേരിക്ക മുസ്ലിം രാജ്യങ്ങളെ ആക്രമിക്കുന്നതും ഈയ്യിടെ ഇസ്രയേലിന്റെ തലസ്ഥാനം ജറുസലേമിലേക്ക് മാറ്റാന്‍ ട്രംപ് തീരുമാനിച്ചതുമൊക്കെ തന്നെ പ്രകോപിപ്പിച്ചുവെന്ന് അക്രമി പറഞ്ഞതായി പോലീസ് വ്യക്തമാക്കി. ഇയ്യാളുടെ ഐസിസ് ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇതിനിടെ അക്രമിയുടെ ബ്രൂക്ക്ലിനിലുള്ള വീട്ടില്‍ എഫ്.ബി.ഐ. തിരച്ചില്‍ നടത്തി. ആരോടും സൗഹൃദമനോഭാവം കാണിക്കാത്ത വ്യക്തിയാണ് അകയ്ദുള്ള എന്ന് സമീപവാസികള്‍ പറയുന്നു. അടുത്ത കാലം വരെ ടാക്‌സി ഡ്രൈവറായിരുന്നു. 2011-ലാണ് അമേരിക്കയിലെത്തിയത്. 2015 മുതല്‍ ഒരു ഇലക്ട്രിക് കമ്പനിയില്‍ ജോലി തുടങ്ങി. മാതാപിതാക്കളും ഒരു സഹോദരനും സഹോദരിയുമടങ്ങുന്നതാണ് കുടുംബം. ചിലപ്പോള്‍ ആ വീട്ടില്‍ നിന്ന് വഴക്കിടുന്നതും ഒച്ച വെയ്ക്കുന്നതുമൊക്കെ കേള്‍ക്കാമെന്ന് അയല്‍വാസി പറഞ്ഞതായി പോലീസ്. ഇന്നലെയും വീട്ടിനകത്ത് ഉച്ചത്തിലുള്ള സംസാരവും വാഗ്വാദവും കേട്ടതായി ചുറ്റും താമസിക്കുന്നവര്‍ പറഞ്ഞെന്നും പോലീസ് അറിയിച്ചു.