മകനോടുള്ള സ്‌നേഹവും മകന്റെ അസുഖമോര്‍ത്തുള്ള വേവലാതിയും കാരണം അമ്മ ചികിത്സ നടത്തി തപാലിലയച്ചു കൊടുത്തു. കനം കൂടിയ തപാലുരുപ്പടി തുറന്നു നോക്കിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഞെട്ടി. ഒന്നാന്തരം മന്ത്രവാദം. മകന്‍ ജയിലിലാകാന്‍ അധിക സമയം വേണ്ടി വന്നില്ല. അല്‍ഐനിലുള്ള മുപ്പതുകാരനായ മലയാളിയാണ് തപാലിലെത്തിയ മന്ത്രവാദത്തിന്റെ പേരില്‍ ജയിയിലായത്. മലപ്പുറം സ്വദേശി അമ്മയെ വിളിച്ച് അസുഖങ്ങള്‍ പറയുകയായിരുന്നു. ഉറക്കത്തില്‍ ഞെട്ടി ഉണരല്‍, ടെന്‍ഷന്‍ തുടങ്ങിയവയായിരുന്നു അസുഖങ്ങള്‍. അമ്മ ചികിത്സ നടത്തി മരുന്ന് മകന്റെ അഡ്രസില്‍ ദുബായിലേക്കയച്ചു. തപാല്‍ ഉരുപ്പടി എത്തിയ കവറില്‍ സംശയം തോന്നിയതോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കവര്‍ തുറന്നു പരിശോധിക്കാന്‍ തീരുമാനിച്ചത്.
കവറിനുള്ളില്‍ തകിടുകളും ഏലസ്സും എല്ലിന്‍ കഷണവും അറബി എഴുതിയ കടലാസ്സുകളും ആയിരുന്നു. ഇതോടെ മകന്റെ പേരില്‍ കേസെടുക്കുകയായിരുന്നു. അല്‍ഐന്‍ ക്രിമിനല്‍ കോടതി പരിഗണിച്ച കേസില്‍ യുവാവിന് അയ്യായിരം ദിര്‍ഹം പിഴയും നാടുകടത്തലും ശിക്ഷയായി വിധിച്ചു.
എന്നാല്‍ അപ്പീല്‍ കോടതിയില്‍ അമ്മ അയച്ച സാധനങ്ങളില്‍ മകന്‍ ഉത്തരവാദിയല്ലെന്ന വാദം അംഗീകരിച്ച കോടതി യുവാവിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. മതകാര്യ വകുപ്പിലെ പണ്ഡിതരുടെ പരിശോധനകള്‍ക്ക് ശേഷം മന്ത്രവാദ തപാല്‍ നശിപ്പിച്ചു.