ടോള്‍ബൂത്ത് ജീവനക്കാരനെ വെടിവച്ച് കൊന്ന സംഭവത്തിലെ സിസിടിവി ദൃശ്യങ്ങളാണ് പെലാീസിനെ കുട്ടിക്കൊലയാളിയിലേക്ക് എത്തിച്ചത്. പിന്‍തുര്‍ന്നെത്തിയത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ മുന്നില്‍. പിടിവീണു കഴിഞ്ഞുള്ള ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന കഥകളുടെ ചുരുള്‍ നിവരുന്നത്. തെക്കുകിഴക്കന്‍ ദില്ലിയിലെ ജഫാര്‍പൂരിലാണ് സംഭവം. ഇവിടെ ഒക്ടോബര്‍ ഇരുപതിനാണ് വിക്രം ഏലിയാസ് കാട്ടിയ അമര്‍ സിംഗ് എന്നീ ടോള്‍ ബൂത്ത് ജോലിക്കാരുടെ നേരെ അജ്ഞാത സംഘം വെടിയുതിര്‍ത്തത് . അമര്‍ സിംഗ് എന്ന ഇരുപത്തിയൊന്നുകാരന്‍ തല്‍ക്ഷണം മരിച്ചു. ടോള്‍ബൂത്ത് കരാറുകാര്‍ തമ്മിലുള്ള കുടിപ്പകയാണെന്നായിരുന്നു പൊലീസിന്റെ ധാരണ. എന്നാല്‍ സാക്ഷി മൊഴികളും സിസിടിവി ദൃശ്യവും ഒരു ബൈക്കിന്റെ സാന്നിധ്യം പരിസരത്തുണ്ടായിരുന്നുവെന്ന് ഉറപ്പിച്ചു. മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും വിശദാംശങ്ങളെടുത്ത് ബൈക്കിന്റെ ഉടമയെ കണ്ടുപിടിച്ചു പൊലീസ്. പതിനഞ്ചുകാരന്‍ ഉള്‍പ്പടെ മൂന്നുപേര്‍ ബൈക്ക് വാങ്ങിപ്പോയിരുന്നു എന്ന് വാഹന ഉടമയുടെ മൊഴി പൊലീസിന് കിട്ടി.
മൂന്നു ദിവസം മുന്‍പ് മാതാപിതാക്കളുടെ പരാതി പൊലീസില്‍ കിട്ടിയിരുന്നു, ഇതേ പതിനഞ്ചുകാരനെ കാണാനില്ലായെന്നു കാട്ടി. കാണാതായ കുട്ടിയെ തിരികെ കിട്ടിയെന്ന മട്ടിലായിരുന്നു പൊലീസ്. പക്ഷെ കൊലപാതകം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചപ്പോള്‍ കുട്ടിക്കൊലയാളിയുടെ യഥാര്‍ത്ഥ ചിത്രം മനസിലായി. മൂന്നുപേര്‍ സഞ്ചരിക്കുന്ന ബൈക്കില്‍ നടുവിലിരുന്ന് വെടിയുതിര്‍ത്തത് പതിനഞ്ചുകാരനാണ്. വിശദമായ ചോദ്യം ചെയ്യലില്‍ ദില്ലിയിലെ കുപ്രസിദ്ധ ഗാംഗായ നീരജ് ബവാന സംഘത്തിലെ പുതിയ റിക്രൂട്ട്‌മെന്റാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥി.
സംഘത്തിലെ പ്രധാനി രാജേഷ് ബവാനയാണ് കുട്ടിയെ കൊലക്ക് ചുമതലപ്പെടുത്തിയത്. കൃത്യമായി കാര്യം നടപ്പാക്കിയാല്‍ കിട്ടുന്ന പേരും പെരുമയും പതിനഞ്ചുകാരനെ ബോധ്യപ്പെടുത്തിയരുന്നു. മാത്രമല്ല, ഗാംഗില്‍ സ്ഥാനമുറപ്പിക്കാന്‍ ഇതിനേക്കാള്‍ പറ്റിയ അവസരമില്ലെന്നും. കൊലപാതകത്തിനായി ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരും ഇപ്പോള്‍ ഒളിവിലാണ്. പരിയാനയിലെ സോണിപത്ത് ഗ്രാമത്തില്‍ നിന്നുള്ള കുട്ടിയെ രണ്ട്മാസം മുന്‍പാണ് സംഘം കണ്ടെത്തിയത്. ജവൈനല്‍ ഹോമിലേക്ക് കുട്ടിയെ അയച്ചുവെന്ന് ഡിസിപി ഷിബേഷ് സിംഗ് പറഞ്ഞു.