മിമിക്രി എന്ന കലാരൂപത്തെ ജനകീയമാക്കിയ കലാകാരന്‍ അബി വിടവാങ്ങി. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കുറയുന്നതുമായി ബന്ധപ്പെട്ട അസുഖത്തെ തുടര്‍ന്നു ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം വെള്ളിയാഴ്ച മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നടക്കും. ഹബീബ് അഹമ്മദ് എന്നാണു യാഥാര്‍ഥ പേര്. മിമിക്രിക്കാരനായിട്ടായിരുന്നു തുടക്കം. നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അബിയുടെ അവസാന ചിത്രം തൃശ്ശിവപേരൂര്‍ ക്ലിപ്തമാണ്.
മലയാളത്തില്‍ മിമിക്രി കസെറ്റുകള്‍ക്കു സ്വീകാര്യത നല്‍കിയ അബി അന്‍പതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആമിനതാത്ത എന്ന കഥാപാത്രത്തിലൂടെയാണു അബി മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയത്. മഹാത്മാ ഗാന്ധി സര്‍വകലാശാല യുവജനോത്സവത്തില്‍ മിമിക്രിക്ക് രണ്ടു പ്രവശ്യം ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു മിമിക്രി ആരംഭിച്ചത്. അമിതാഭ് ബച്ചനടക്കമുള്ള ഹിന്ദി താരങ്ങളെയും അനുകരിച്ച് പ്രശംസ നേടിയിട്ടുണ്ട്. കലാഭവനിലും ഹരിശ്രീയിലും കൊച്ചിന്‍ സാഗറിലും ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചു. മഴവില്‍ക്കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്മാര്‍, മിമിക്സ് ആക്ഷന്‍ 500, അനിയത്തിപ്രാവ്, രസികന്‍, ഹാപ്പി വെഡ്ഡിങ് എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ഭാര്യ സുനില. യുവതാരം ഷെയ്ന്‍ നിഗം മകനാണ്.