കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ പ്രമുഖ നടിമാര്‍ ബ്ലാക്ക് ക്യാറ്റ് സുരക്ഷ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. കളരി, ജൂഡോ, കരാട്ടെ തുടങ്ങിയ ആയോധനകലകള്‍ അഭ്യസിച്ചിട്ടുള്ള വനിതകളെയാണ് കരിമ്പൂച്ചകളായി നിയമിക്കുന്നത്. ഡ്രൈവിങും ഇവര്‍ അറിഞ്ഞിരിക്കണം. ഇത്തരത്തില്‍ നൂറോളം പേര്‍ ഇതിനകം സജ്ജരായിട്ടുള്ളതായി മാക്ട ഫെഡറേഷന്‍ ഫൈറ്റേഴ്‌സ് യൂണിയന്‍ വ്യക്തമാക്കി. അതിനിടെ ചില മുതിര്‍ന്ന യുവനായികമാര്‍ വനിതാ കരിമ്പൂച്ചകളുടെ സഹായം തേടിയതായും റിപ്പോര്‍ട്ടുണ്ട്.
വീട്ടില്‍നിന്നും ലൊക്കേഷനിലേക്ക് പോകുന്നതുമുതല്‍ തിരികെ വീട്ടില്‍ വരുന്നതുവരെ കരിമ്പൂച്ചകള്‍ അകമ്പടി സേവിക്കും. നടിമാര്‍ ഹോട്ടല്‍ മുറിയില്‍ തങ്ങുമ്പോള്‍ ഇവര്‍ പുറത്ത് കാവലിരിക്കും. മാക്ടേഴ്‌സ് ഫൈറ്റേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ആറുമാസത്തെ പരിശീലനത്തിനുശേഷമായിരിക്കും വനിതാ ബ്ലാക്ക് ക്യാറ്റുകളുടെ സേവനം നടിമാര്‍ക്ക് വിട്ടുകൊടുക്കുന്നത്. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും അംഗത്വം നല്‍കുന്നത്. പതിനെട്ടിനും നാല്‍പതിനും ഇടയില്‍പ്രായമുള്ളവര്‍ക്കാണ് അംഗത്വം. ഇവര്‍ക്ക് പ്രത്യേകം യൂണിഫോമും ലഭ്യമാക്കും.