ആധാറെന്ന് കേട്ടാല്‍ ചിലര്‍ക്ക് കലി കയറും. മറ്റു ചിലര്‍ക്ക് ആധാര്‍ ഒരു കോമഡിയാണ്. ആധാറുമായി ബന്ധിപ്പിക്കാത്ത കോമഡികള്‍ ചുരുക്കമാണ് നാട്ടില്‍. എന്തിനും ഏതിനും ആധാറിനെ പഴിക്കുന്നവര്‍ കേള്‍ക്കണം ആധാറിനെ കെണ്ടുണ്ടായ ഒരു വലിയ നേട്ടം. രാജ്യത്ത് കാണാതായ കുട്ടികളില്‍ ആയിരത്തോളം പേരെ ആധാര്‍ മുഖേന കണ്ടെത്താനായെന്ന് ആധാര്‍ അതോറിറ്റി. കുട്ടികളെ രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നാണ് കണ്ടെത്തിയത്. പല ഭാഗങ്ങളില്‍ നിന്നും കാണാതായവരാണ് ഇവര്‍. ആധാര്‍ കാര്‍ഡുള്ളവരാണെങ്കില്‍ കുഞ്ഞുങ്ങളെ കണ്ടെത്താനുള്ള സാധ്യത വളരെ കൂടുതാലാണെന്നും അതോറിറ്റി സാക്ഷ്യപ്പെടുത്തുന്നു. ബയോമെട്രിക് നമ്പര്‍ ഉപയോഗിച്ച് ഏതെങ്കിലും അനാഥാലയത്തില്‍ ഉണ്ടോയെന്നറിയാം. വിരലടയാളം കൊണ്ട് എവിടെ നിന്നു വേണമെങ്കിലും നമുക്ക് വിവരം ലഭിക്കാം.
ശരാശരി 180 കുട്ടികളെയാണ് ഒരു ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാണാതാകുന്നത്. 2013 മുതല്‍ 2017 വരെയായി ഇരുപത്തയ്യായിരം കുട്ടികളാണ് കാണാതായിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ചൈല്‍ഡ് ട്രാഫിക്കിംഗ് നടക്കുന്ന രാജ്യവും ഇന്‍ഡ്യയാണ്. 2011 ലെ സെന്‍സസ് അനുസരിച്ച് രാജ്യത്തെ ജനസംക്യയുടെ 40% കുട്ടികളാണ്. പതിനെട്ടു വയസില്‍ താഴെയുള്ളവരുടെ ജനസംഖ്യ ഇത്രയധികമുള്ള മറ്റൊരു ലോകരാജ്യമില്ല. പക്ഷെ ഈ കുട്ടികളില്‍ പകുതിയിലേറെപ്പേരും അരക്ഷിതമായ സാഹചര്യങ്ങലിലേക്കാണ് എത്തപ്പെടുന്നത്.
ആധാര്‍ മൂലം കുട്ടികളെ കണ്ടെത്താനാകുന്നു എന്നത് ആശ്വാസകരം തന്നെ. പക്ഷെ ആകെ കാണാതാകുന്ന കുട്ടികളില്‍ എത്ര ശതമാനം പേരെ എന്നതാണ് കുഴക്കുന്ന ചോദ്യം. പട്ടിണി, വില്‍പന, ശൈശവ വിവാഹം തട്ടിക്കൊണ്ട് പോകല്‍ ഒളിച്ചോട്ടം എന്നിങ്ങനെ പലകാരണങ്ങളിലൂടെയാണ് നമ്മുടെ ബാല്യങ്ങള്‍ ശിഥില ജീവിതങ്ങളിലേക്ക് പോകുന്നത്. ബാലവേല, വേശ്യാവൃത്തി, അവയവ കച്ചവടം, ഭിക്ഷാടനം എന്നിങ്ങനെയാണ് കുട്ടികല്‍ എത്തിപ്പെടുന്ന ഭീകര മേഖലകള്‍. കുട്ടികളെ വീണ്ടെടുക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളെയും കൂട്ടിയിണക്കിയുള്ള ഒരു ഏകീകൃത സംവിധാനമില്ലാ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പോരായ്മ.