ഐഎസിന്റെ അവസാന ശക്തികേന്ദ്രവും നിലംപൊത്തുമ്പോള്‍ നാദിയ മുറാദ് അടുത്ത യുദ്ധത്തിനുള്ള കോപ്പ് കൂട്ടുകയാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതകള്‍ പുറത്തു കൊണ്ടുവരണമെന്നും അവശേഷിക്കുന്ന ഭീകരരെയെങ്കിലും നിയമത്തിനു മുന്നില്‍ നിര്‍ത്തണമെന്നും ആഗ്രഹിക്കുന്നു ഈ യസീദി പെണ്‍കുട്ടി. ഐഎസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട് മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം നാദിയയുടെ പുസ്തകം, ദ ലാസ്റ്റ് ഗേള്‍ പുറത്തിറങ്ങി. നാദിയയുടെ ജീവിതമാണ് ദ ലാസ്റ്റ് ഗേള്‍ പറയുന്നത്. ഐഎസ് പിടിയില്‍ ഒര ലൈംഗിക അടിമയായി അനുഭവിച്ച ക്രൂരമായ അനുഭവങ്ങള്‍. ഐഎസ് യസീദികളോട് ചെയ്തത് പുറം ലോകത്തെ അറിയിക്കാനും ഇപ്പോഴും തടവറയിലുള്ള യസീദി യവതികളേയും പെണ്‍കുട്ടികളെയും രക്ഷിക്കാനുമാണ് ഈ പുസ്തകമെന്ന് നാദിയ മുറാദ് പറയുന്നു. മുറാദിന്റെ പുസ്തകത്തിലെ ഓരോ താളും ഹൃദയം മരവിച്ചല്ലാതെ വായിക്കാനാകില്ല.
2014 ആഗസ്റ്റിലാണ് സൈന്യം ഇറാഖിലെ തങ്ങളുടെ ചെറിയ നഗരമായ കോഖോയിലെത്തിയതെന്ന് നാദിയ പറയുന്നു. എല്ലാവരും സ്‌കൂള്‍ കെട്ടിടത്തിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു. പിന്നാലെ വെടിശബ്ദങ്ങളുയര്‍ന്നു, പുരുഷന്‍മാര്‍ മുഴുവന്‍ കൊല്ലപ്പെട്ടു. നാദിയയുടെ ആറു സഹോദരന്‍മാരും മരിച്ചു. ഐസ് ആ ചെറിയ നഗരം കീഴടക്കി.നാദിയയും മറ്റ് യുവതികളോടൊപ്പം ഒരു ബസിനുള്ളിലേക്ക് എറിയപ്പെട്ടു. ബസിനുള്ളില്‍ ഒരുവന്‍ തന്റെ ഉടുപ്പ് മാറ്റി കല്യാണം കഴിഞ്ഞവര്‍ ചെയ്തതു പോലെ തന്നോട് ചെയ്യാന്‍ തുടങ്ങി. നാദിയയുടെ അമ്മയെ അല്‍പം അകലേക്ക് മാറ്റിനിര്‍ത്തി വെടിവച്ച് കൊന്നു കളഞ്ഞു. മൊസൂളിലേക്കാണ് കെണ്ടു പോയത്. അവിടെ തങ്ങളെ കണ്ടപാടെ പുരുഷന്‍മാര്‍ തങ്ങള്‍ക്കായി പിടിവലി തുടങ്ങി. ഒരാള്‍ വയറില്‍ സിഗരറ്റ് കുത്തിക്കയറ്റി. മറ്റൊരാള്‍ മൂന്ന് യുവതികളെ വിലകൊടുത്ത് വാങ്ങി. നാദിയ മുറാദിനെയും ഒരാള്‍ വാങ്ങി. ബാക്കിയുള്ളവരെ ലൈംഗിക അടിമച്ചന്തയിലേക്ക് കൊണ്ടു പോയി. എല്ലാം പുസ്തകത്തിലുണ്ട്, എല്ലായ്‌പ്പോഴും അതൊന്നുമോര്‍ക്കാനാകില്ലെന്ന് നാദിയ നിസംഗയായി പറയുന്നു.
ഐഎസിന് സ്വന്തം നിയമങ്ങളാണ് ക്രൂരത ചെയ്യാനായി. യസീദി സ്ത്രീകള്‍ അനുഭവിക്കുന്ന നരക യാതനകള്‍ വിവരിക്കാവുന്നതല്ല. ചെറിയ കുഞ്ഞുങ്ങളോട് പോലും കരുണയില്ല. ഒരുപാട് യസീദി യുവതികള്‍ സ്വയം ജീവനൊടുക്കി. നാദിയ മുറാദ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു. കൂട്ട ബലാത്സംഗമായിരുന്നു ശിക്ഷ. എന്നെങ്കിലും ഒരിക്കല്‍ ഇതില്‍ നിന്നെല്ലാം പുറത്ത് കടക്കാനാകുമെന്ന വിശ്വാസമായിരുന്നു ഏക പിടിവള്ളി. ഒരിക്കല്‍ വീണു കിട്ടിയ അവസരത്തില്‍ രക്ഷപ്പെട്ടു നാദിയ. ഒരു വീട്ടില്‍ ഒളിച്ചു താമസിച്ചു. ആ വീട്ടുകാര്‍ നാദിയയെ ഐഎസ് മേഖലയില്‍ നിന്നും പുറത്തു കടത്തി. അവസാന ചെക്‌പോസ്റ്റില്‍ പിടികിട്ടാനുള്ളവരുടെ ഫോട്ടോയുടെ കൂട്ടത്തില്‍ തന്നെയും കണ്ടു നാദിയ മുറാദ്.
ജര്‍മ്മനിയിലേക്കാണ് അഭയാര്‍ത്ഥിയായ നാദിയ എത്തുന്നത്. ഇപ്പോള്‍ യുഎന്‍ അമ്പാസിഡറാണ്. സഹോദരിയോടൊപ്പം സ്റ്റുട്ഗര്‍ട്ടിലാണ് താമസം. ഇപ്പോഴും ഐഎസ് തടവറയില്‍ പീഢിപ്പിക്കപ്പെടുന്ന യസീദി പെണ്‍കുട്ടികളെ ഓര്‍ത്ത് വേദനിക്കുന്നുണ്ട് നാദിയ മുറാദ്. മുറാദിന്റെ പുസ്തകം വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു