വില്‍ക്കാനുള്ള ‘സുന്ദരിയായ പെണ്‍കുട്ടി’യെ രക്ഷിക്കാനായി ഏതാണ്ട് ഒരു മാസക്കാലമാണ് രണ്ടംഗ സംഘത്തിന് പിന്നാലെ കൂടിയത്. വാങ്ങാന്‍ താത്പര്യമുള്ളവരായി നടിച്ചുള്ള ഓപ്പറേഷനൊടുവില്‍ പൊലീസിന് പെണ്‍കുട്ടിയെ രക്ഷിക്കാനായി. ഒരു വര്‍ഷം മുന്‍പാണ് ബിഹാറില്‍ നിന്നും പെണ്‍കുട്ടിയെ വിലക്ക് വാങ്ങിയത്. വിവാഹ കഴിക്കാമെന്നു പറഞ്ഞ് കുട്ടിയെ ദില്ലിയിലേക്ക് കൊണ്ടുവരികയായിരുന്നു. പിന്നീട് കുട്ടി വേശ്യവൃത്തിക്കായി നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.
‘സുന്ദരിയായ ചെറിയ പെണ്‍കുട്ടി’യെ വില്‍ക്കാനുണ്ടെന്ന വിവരമാണ് ദില്ലി പൊലീസിന് ആദ്യ ലഭിക്കുന്നത്. ഇതിന് പിന്നാലെ ഇറങ്ങിത്തിരിച്ച പൊലീസ് രണ്ടംഗ സംഘത്തിലേക്കെത്തി. മഹാരാഷ്ട്രയിലെ വേശ്യാലയ നടത്തിപ്പുകാരായാണ് പൊലീസ് അടുത്തു കൂടിയത്. ഒരു മാസത്തെ പരിശ്രമത്തിനു ശേഷം മൂന്നര ലക്ഷത്തിന് സംഘം കച്ചവടം ഉറപ്പിച്ചു. സെന്‍ട്രല്‍ ദില്ലിയിലെ കമലാ മാര്‍ക്കറ്റില്‍ വച്ച് കച്ചവടമുറപ്പിച്ച ശേഷം പെണ്‍കുട്ടിയെ റെയില്‍വേ സ്റ്റേഷനിലെത്തിക്കാമെന്ന് ധാരണയായി. പെണ്‍കുട്ടിയുമായി റെയില്‍വേ സ്റ്റേഷനിലെത്തിയ സംഘത്തിന് പിടിവീഴുകയായിരുന്നു. ബിഹാറില്‍ നിന്നുള്ള അമര്‍ (24), രജ്ഞീത് ഷാ (27) എന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ദില്ലിയിലെത്തിച്ച് കുട്ടിയെ കൈമാറി.