2015ല്‍ റിലീസ് ചെയ്ത മൈ ഗോഡ് എന്ന സിനിമയിലാണ് മലയാളത്തിന്റെ ആക്ഷന്‍ഹീറോ ആയിരുന്ന സുരേഷ്‌ഗോപി അവസാനമായി അഭിനയിച്ചത്. പിന്നീട് ടെലിവിഷന്‍ പരിപാടികളിലൂടെ സജീവമാവുകയും ക്രമേണ രാഷ്ട്രീയത്തിലെത്തി പാര്‍ലമെന്റ് അംഗവുമാവുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി സിനിമയില്‍ അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി സുരേഷ്‌ഗോപി കഴിഞ്ഞദിവസം ഒരു പൊതുവേദിയില്‍ വികാരാധീനനായി. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ബയോകെമിസ്ട്രി അനലൈസറിന്റെ സമര്‍പവും ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കവേയാണ് അദ്ദേഹം വികാരാധീനനായത്. സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്തു കൊണ്ടിരുന്ന സമയത്താണ് ചാനല്‍ റിയാലിറ്റി ഷോയില്‍ അവതാരകനായത്. എന്നാല്‍ അത് ഹിറ്റായതോടെ ചില സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഫിലിം ചേംബറും നിര്‍മാതാക്കളുടെ സംഘടനയും ആ പരിപാടി അവതരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ജനങ്ങളുമായി നന്നായി സംവദിക്കാന്‍ കഴിയുന്ന പരിപാടി ഒഴിവാക്കാന്‍ തയ്യാറായില്ല. അതോടെ സിനിമ ചെയ്യാന്‍ നിയന്ത്രണമേര്‍പ്പെടുത്തി. അങ്ങനെ സിനിമ വേണ്ടെന്ന് വച്ച് ആ പരിപാടിയില്‍ സജീവമാകുകയായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. മനുഷ്യരുമായി വളരെയേറെ സംവദിക്കാന്‍ ഇതിലൂടെ കഴിഞ്ഞു. സാധാരണക്കാരുടെ വേദനയും പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാമറിഞ്ഞു. ആ പ്ലാറ്റ് ഫോമിലിരുന്നപ്പോള്‍ വല്ലാത്തൊരു അനുഭവമായിരുന്നു. അതുകൊണ്ട് തന്നെ സിനിമകള്‍ നഷ്ടപ്പെട്ടതില്‍ വേദനയില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
സാധാരണക്കാരുടെ ആശുപത്രിയായ എസ്.എ.ടി. ആശുപത്രിയുമായി തനിക്ക് വളരെ അടുത്ത ആത്മബന്ധമാണുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു. തന്റെ ആദ്യത്തെ പെണ്‍കുഞ്ഞിനെ സമ്മാനിച്ചത് എസ്.എ.ടി. ആശുപത്രിയാണെന്നും ആ കുഞ്ഞ് അപകടത്തില്‍ പെട്ട് അവസാനം മരണമടഞ്ഞതും തൊട്ടടുത്തുള്ള മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ വച്ചാണെന്നും വേദനയോടെ സുരേഷ് ഗോപി പറഞ്ഞു. എംപി ഫണ്ടില്‍ നിന്നും വാങ്ങിച്ച രക്ത പരിശോധന മെഷീന്‍ തന്റെ കൈയ്യില്‍ നിന്നും പണമെടുത്തല്ല വാങ്ങിയതെന്നും സുരേഷ് ഗോപി പറഞ്ഞു. ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് വാങ്ങിയ ഈ രക്തപരിശോധന ഉപകരണം ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് സഹായകരമാകുന്നതില്‍ സന്തോഷമുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.