അന്തര്‍സംസ്ഥാന പണം തട്ടിപ്പെന്നു വ്യക്തമായ നിര്‍മ്മല്‍ കൃഷ്ണാ ചിട്ടി തട്ടിപ്പില്‍ പണം നഷ്ടമായവരില്‍ പ്രമുഖ സംവിധായകനും. ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ ഈ യുവ സംവിധായകന്റെ രണ്ട് കോടിയോളം നഷ്ടമായതാണ് വിവരം. അടുത്തിടെ പാതിവഴിയില്‍ നിലച്ചു പോയ ചിത്രത്തിന്റെ പേരിലും ഇയാള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു
. ഇയാളുടെ രണ്ടു കോടിയോളം രൂപ നഷ്ടപ്പെട്ടതായാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരിക്കുന്നത്.
കേരളത്തിലും തമിഴ്‌നാട്ടിലുമായി നൂറുകണക്കിന് ആളുകളാണ് നിര്‍മ്മല്‍ കഷ്ണ തട്ടിപ്പില്‍ പെട്ടു പോയത്. ആയിരം കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. കള്ളപ്പണ നിക്ഷേപമടക്കം സ്വീകരിച്ചു വന്ന നിര്‍മ്മലന്‍ തകരുന്നത് നോട്ട് നിരോധനം വന്നതോടെയാണ്.
ഈ ധനകാര്യസ്ഥാപനത്തിന്റെ ഉടമ നിര്‍മ്മലന്‍ കഴിഞ്ഞ ദിവസം മധുര കോടതിയില്‍ കീഴടങ്ങിയിരുന്നു. പാപ്പര്‍ ഹര്‍ജി നല്‍കിയ ശേഷം ഒളിവില്‍ പോയ നിര്‍മ്മലന്‍ കോടതിയില്‍ കാണിച്ച കണക്കുകളില്‍ മൊത്തം പൊരുത്തക്കേടുകളാണ്. പുറമേ ആയിരത്തി ഇരുന്നൂറ് കോടിയിലധികം രൂപയുടെ നിക്ഷേപം ഇയാള്‍ സ്വീകരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയെങ്കിലും മൂന്നൂറ്റി അന്‍പതു കോടി നിക്ഷേപത്തിനു മാത്രമാണ് പരാതി ലഭിച്ചിരിക്കുന്നത്. ഇതോടെ ബാക്കി പണം മുഴുവന്‍ കള്ളപ്പണം ആയിരുന്നു എന്ന് വ്യക്തമാകുകയാണ്. തമിഴ്‌നാട്ടിലെയും കേരളത്തിലെയും രാഷ്ട്രീയ ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് നിര്‍മ്മലന്‍
തമിഴ്‌നാട്ടില്‍ ടുജി സ്‌പെക്ട്രം കാലം മുതലുള്ള കള്ളപ്പണം ഈ സ്ഥാപനത്തിലേക്ക് എത്തിയിട്ടുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. പണം തട്ടിപ്പിന് പുറമെ കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കള്‍ തമിഴ്‌നാട്ടില്‍ ഭൂമി വാങ്ങിക്കൂട്ടിയതിലെ ബിനാമിയും നിര്‍മ്മലന്‍ ആണെന്നും അന്വേഷണ സംഘത്തിന് വിവരമുണ്ട്