നടന്‍ കലാഭവന്‍ മണിയുടെ മരണത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. മണിയുടെ മരണത്തിനു പിന്നില്‍ താനാണെന്നു വരുത്തി തീര്‍ക്കാന്‍ എഡിജിപി സന്ധ്യ ശ്രമിച്ചുവെന്ന് ആരോപിക്കുന്ന നടന്‍ ദിലീപിന്റെ കത്ത് പുറത്ത്. മണിയുടെ മരണത്തിനു പിന്നില്‍ താനാണെന്നു വരുത്തി തീര്‍ക്കാന്‍ അന്വേഷണസംഘം പുതിയ കഥകളുണ്ടാക്കിയെന്നും സന്ധ്യയും കൂട്ടരുമാണ് ഈ കഥകള്‍ സൃഷ്ടിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നും ദിലീപ് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസിന് നല്‍കിയ കത്തില്‍ പറയുന്നു.
സ്വന്തം കീര്‍ത്തി മാത്രമാണ് എ.ഡി.ജി.പി സന്ധ്യയുടെ ലക്ഷ്യം. കുറ്റവാളിയാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയ്‌ക്കെതിരേ വ്യാജ തെളിവുകളുണ്ടാക്കുകയാണ് സന്ധ്യയുടെ പതിവ്. തനിക്കെതിരേ മാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ സന്ധ്യയും സംഘവുമാണെന്നും താനൊരു മോശക്കാരനാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നതെന്നും ദിലീപ് ആരോപിക്കുന്നു. ആലുവ പോലീസ് ക്ലബ്ബില്‍ തന്നെയും നാദിര്‍ഷായെയും 13 മണിക്കൂര്‍ ചോദ്യം ചെയ്തത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് അന്വേഷണസംഘം തന്നെയാണെന്നും ചാനലുകള്‍ പൊലീസ് ക്ലബില്‍ നിന്നും തത്സമയ സംപ്രേക്ഷണം നടത്തിയത് അന്വേഷണ സംഘത്തിന്റെ തീരുമാനപ്രകാരമാണെന്നും ദിലീപ് പറയുന്നു. പരസ്പരം പുകഴ്ത്തലാണ് സന്ധ്യയുടെയും ഡിജിപി ബെഹ്‌റയുടെയും ജോലി. ജിഷാ വധക്കേസ് അന്വേഷണത്തിലുള്‍പ്പെടെ ഇത് കാണാമെന്നും ദിലീപിന്റെ കത്തിലുണ്ട്.