കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിചേര്‍ത്ത നടന്‍ ദിലീപിനെതിരായ കുറ്റപത്രം തയ്യാറാകുന്നു. കുറ്റപത്രം അടുത്ത ബുധനാഴ്ചയ്ക്കകം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പൊലീസ്. നേരത്തെ തയ്യാറാക്കിയ കുറ്റപത്രത്തിന്റെ കരടില്‍ നിയമോപദേശകരുടെകൂടി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയാണ് അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നത്. കുറ്റപത്രം ചോരാതിരിക്കാന്‍ പഴുതടച്ച നീക്കങ്ങളാണ് പൊലീസ് നടത്തുന്നത്. ഇതിനായി ആലുവ പൊലീസ് ക്ലബില്‍ പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്. എസ്പി ഓഫീസിലെ മൂന്ന് ജീവനക്കാര്‍ക്കാണ് കുറ്റപത്രം ടൈപ്പ് ചെയ്യുന്നതിന്റെ ചുമതല. കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തുപോകരുതെന്ന് ഇവര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം കേസിന്റെ വിചാരണ പെട്ടെന്നു പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി വേണമെന്നും രഹസ്യവിചാരണ നടത്തണമെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടേക്കും. സംഭവദിവസം നടന്‍ ദിലീപ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞുവെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഡോക്ടറുടെയും ആശുപത്രി ജീവനക്കാരുടെയും മൊഴിയും തമ്മില്‍ പൊരുത്തക്കേടു തോന്നിയതിനാല്‍ ബുധനാഴ്ച ദിലീപിനെ പൊലീസ് വീണ്ടും ചോദ്യംചെയ്തിരുന്നു. സഹോദരന്‍ അനൂപിന്റെയും മൊഴിയെടുത്തു.
കേസുമായി മുന്‍പു ബന്ധപ്പെട്ട രണ്ട് അഭിഭാഷകരെയും പൊലീസ് ക്ലബിലേക്കു വിളിപ്പിച്ചിരുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടു പ്രത്യേക കേസ് കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്‍പു റജിസ്റ്റര്‍ ചെയ്യണോ എന്ന കാര്യം പൊലീസ് പരിഗണിക്കുന്നുണ്ട്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറെയും ആശുപത്രി ജീവനക്കാരില്‍ ചിലരെയും ഈ കേസില്‍ സാക്ഷികളാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.