തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ചത് സിപിഐ പൊടുന്നനേ എടുത്ത കടുത്ത നിലപാടാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. മന്ത്രിസഭായോഗത്തില്‍നിന്നും തികച്ചും രാഷ്ട്രീയമായ കാരണങ്ങളാല്‍ ഒരു ഘടകകക്ഷിയുടെ നാലുമന്ത്രിമാരും വിട്ടുനില്‍ക്കുക എന്നത് സമീപകാലത്തെങ്ങും കേരളം കേട്ടിട്ടില്ല. മന്ത്രിസഭായോഗത്തില്‍നിന്നും സിപിഐ വിട്ടുനിന്നതോടെയാണ് തോമസ് ചാണ്ടി രാജിവെക്കാന്‍ നിര്‍ബന്ധിതനായത് എന്നിരിക്കേ, ഇക്കാര്യത്തില്‍ സിപിഎം കൈക്കൊണ്ട ഉഴപ്പന്‍ സമീപനത്തെ നിശിതമായി വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എഴുതിയ എഡിറ്റോറിയല്‍ ഏറെ ശ്രദ്ധേയമാണ്.
എഡിറ്റോറിയലില്‍ നിന്നും :
ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ നിന്നും സിപിഐ പ്രതിനിധികളായ നാല് മന്ത്രിമാരും വിട്ടുനില്‍ക്കുകയുണ്ടായി. പാര്‍ട്ടി നിര്‍ദ്ദേശാനുസരണമാണ് തങ്ങള്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന വിവരം റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിരുന്നു. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിപിഐ മന്ത്രിമാരുടെ നടപടി അസാധാരണമാണെന്ന് പറയുകയുണ്ടായി. തങ്ങളുടെ നടപടി അസാധാരണമാണെന്ന ഉത്തമബോധ്യത്തോടെയാണ് സിപിഐ മന്ത്രിമാരും അവരെ നയിക്കുന്ന പാര്‍ട്ടിയും അതിന് മുതിര്‍ന്നത്. അസാധാരണമായ സാഹചര്യമാണ് അസാധാരണമായ നടപടിക്ക് സിപിഐയെ നിര്‍ബന്ധിതമാക്കിയത്.
കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധിയും കോടതി നടത്തിയ മൂര്‍ച്ചയേറിയ പരാമര്‍ശങ്ങളും തോമസ് ചാണ്ടിയുടെ മന്ത്രിസഭയില്‍ തുടര്‍ന്നുള്ള നിലനില്‍പ്പിന്റെ സാധുതയെയാണ് ചോദ്യം ചെയ്തത്. മന്ത്രിപദവിയിലിരുന്നുകൊണ്ട് സര്‍ക്കാരിന്റെ നടപടികളെ ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമാണെന്ന് തിരിച്ചറിയാന്‍ ഹൈക്കോടതി വിധി കാത്തിരിക്കേണ്ടതില്ല. വസ്തുത അതായിരിക്കെ കോടതിയുടെ രൂക്ഷമായ പരാമര്‍ശം കൂടി പുറത്തുവന്നതോടെ തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതുതന്നെ മന്ത്രിസഭയെ സംബന്ധിക്കുന്ന ജനാധിപത്യമൂല്യങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ലംഘനമാണെന്ന് വ്യക്തമായി.
ഉന്നത നീതിബോധവും രാഷ്ട്രീയ പ്രബുദ്ധതയുമുള്ള ജനതയാണ് കേരളത്തിലേത്. അഴിമതി, സ്വജനപക്ഷപാതം, അധികാര ദുര്‍വിനിയോഗം തുടങ്ങി രാഷ്ട്രീയത്തെ സ്വാധീനിക്കാവുന്ന തിന്മകള്‍ക്കെതിരെ ജാഗ്രതയോടെ പ്രതികരിക്കാനുള്ള ശേഷി അവര്‍ ആവര്‍ത്തിച്ചു പ്രകടിപ്പിച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയും അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും രാഷ്ട്രീയ മൂല്യച്യൂതിയുമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വീകാര്യതയ്ക്ക് കാരണമായത്. രാഷ്ട്രീയ ജീവിതത്തില്‍ സംശുദ്ധിയും സുതാര്യതയും സാമൂഹ്യതിന്മകള്‍ക്കെതിരായ ജാഗ്രതയും അവര്‍ എല്‍ഡിഎഫില്‍ നിന്നും പ്രതീക്ഷിക്കുക സ്വാഭാവികമാണ്. എന്നാല്‍ തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന കായല്‍ കയ്യേറ്റ ആരോപണവും തുടര്‍ന്നുള്ള നടപടികളും ജനങ്ങള്‍ എല്‍ഡിഎഫില്‍ അര്‍പ്പിച്ച വിശ്വാസത്തിന് തെല്ലെങ്കിലും മങ്ങലേല്‍പ്പിക്കാന്‍ ഇടയായിട്ടുണ്ടെങ്കില്‍ അത് വിമര്‍ശനബുദ്ധ്യാ തിരിച്ചറിഞ്ഞ് തിരുത്താന്‍ മുന്നണിയും അതിലെ ഓരോ ഘടകകക്ഷിയും ബാധ്യസ്ഥരാണ്. ആ തിരിച്ചറിവാണ് സിപിഐയെ കര്‍ക്കശ നിലപാടുകള്‍ക്ക് നിര്‍ബന്ധിതമാക്കിയത്. തോമസ് ചാണ്ടിക്കും കുടുംബത്തിനും മുഖ്യ പങ്കാളിത്തമുള്ള ലേക്ക് പാലസ് റിസോര്‍ട്ടിനെതിരെ ഉയര്‍ന്നിട്ടുള്ള കായല്‍ കയ്യേറ്റ ആരോപണങ്ങളില്‍ നാളിതുവരെ നടന്ന അന്വേഷണങ്ങള്‍ എല്ലാം അദ്ദേഹത്തെയും സ്ഥാപനത്തെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവയാണ്.
കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാമായിരുന്നിട്ടും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിന് ഭംഗം വരുത്തുന്ന യാതൊരു നടപടിക്കും റവന്യൂവകുപ്പ് മന്ത്രി മുതിര്‍ന്നില്ല. എജിയുടെ നിയമോപദേശം, ഹൈക്കോടതിയില്‍ തോമസ് ചാണ്ടി നല്‍കിയ ഹര്‍ജിയിലെ തീര്‍പ്പ് തുടങ്ങിയ നിയമപരമായ എല്ലാ സാധ്യതകള്‍ക്കും സിപിഐ ക്ഷമാപൂര്‍വം കാത്തിരുന്നു. പൊതുവേദിയില്‍ വച്ചുയര്‍ന്ന വെല്ലുവിളിയിലും സിപിഐ ജനറല്‍ സെക്രട്ടറിക്കെതിരായ ആരോപണത്തില്‍പ്പോലും പ്രകോപനം തെല്ലും കൂടാതെ മുന്നണി മര്യാദകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സിപിഐ ബദ്ധശ്രദ്ധമായിരുന്നു. എല്ലാ സാധ്യതകളും പൂര്‍ണമായി പ്രയോജനപ്പെടുത്തിയശേഷവും എല്‍ഡിഎഫിനെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും ന്യായമായ വികാരങ്ങളെ നിരാകരിക്കുന്നിടത്തോളം സംഭവങ്ങള്‍ എത്തിച്ചേര്‍ന്ന ഘട്ടത്തിലാണ് കര്‍ശനമായ നിലപാടുകളിലേയ്ക്ക് നീങ്ങാന്‍ സിപിഐ നിര്‍ബന്ധിതമായത്.