പ്രണയാഭ്യര്‍ത്ഥന നിരസിച്ച ഇരുപ്പത്തിരണ്ടുകാരിയെ യുവാവ് തീകൊളുത്തി കൊന്നു. സംഭവത്തില്‍ സുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയും സഹോദരിയും അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. എഞ്ചിനീയറിംഗ് ബിരുദധാരിണിയായ ഇന്ദുജയാണ് സ്വന്തം വീട്ടിനുള്ളില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. ചെന്നൈ ആദമ്പാക്കം സരസ്വതി നഗറിലാണ് ദാരുണമായ സംഭവം. കൊലയാളി ഇന്ദുജയുടെ സഹപാഠിയായ ആകാശ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
ഇന്ദുജയുടെ സ്‌കൂള്‍ സഹപാഠിയാണ് ആകാശ്. കഴിഞ്ഞ കുറേക്കാലമായി ഇയാള്‍ ഇന്ദുജയെ ശല്യപ്പെടുത്തുന്നതായി പറയപ്പെടുന്നു. ഇന്ദുജക്ക് വിവാഹലോചനകള്‍ വരുന്നതായി മനസിലാക്കിയ ആകാശ് വീട്ടിലെത്തി ഇന്ദുജയെ വിവാഹം കഴിച്ചു തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തതോടെ കയ്യിലെ കാനില്‍ കരുതിയിരുന്ന ടര്‍ബൈന്‍ ഓയില്‍ ഇയാള്‍ ഇന്ദുജയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തുകയും ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ ഇന്ദുജ വീട്ടിനുള്ളില്‍ തന്നെ മരിച്ചു. രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ അമ്മ രേണുകയ്ക്കും ഇളയ സഹോദരി നിവേദിതക്കും പൊള്ളലേറ്റു. ബഹളം കേട്ട് അയല്‍വാസികള്‍ വരുമ്പോഴേക്കും ആകാശ് രക്ഷപ്പെട്ടിരുന്നു.
ഇന്ദുജയുടെ അച്ഛന്‍ അമേരിക്കയിലാണ്. പ്ലസ്ടു വിദ്യാര്‍ത്ഥിയായ സഹോദരന്‍ സംഭവ സമയം വീട്ടില്‍ ഇല്ലായിരുന്നു.