അന്‍പത്തിനാലാം വയസില്‍ ദുബായിലേക്ക് വിമാനം കയറുമ്പോള്‍ ശങ്കരനാരായണന്‍ കരുതിയിരുന്നില്ല വലിയ ദുര്‍വിധി തന്നെ കാത്ത് അവിടെയുണ്ടെന്ന്. ചെയ്യാത്ത കുറ്റത്തിന് ജീവിതത്തിലെ വിലയേറിയ എട്ടുവര്‍ഷമാണ് ശങ്കരനാരായണന്‍ ഭാര്യയേയും മകളേയും കാണാനാകാതെ ദുബായില്‍ കുടുങ്ങിപ്പോയത്. 2009 ലാണ് സൂപ്പര്‍വൈസറായി ജോലി ചെയ്തുവന്ന ശങ്കരനാരയണനെ കുടുക്കിയ ദുരിതങ്ങളുടെ തുടക്കം. ഒപ്പം താമസിച്ചു വന്ന ബംഗ്ലാദേശി പൗരന്‍ ഇലക്ട്രിക് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ശങ്കരനാരായണന്റെ തൊഴിലുടമയുടെ പാസ്‌പോര്‍ട്ട് കോടതി പിടിച്ചുവച്ചു. ഇതോടെ ജോലി ചെയ്തുവന്ന കമ്പനി പ്രതിസന്ധിയിലായി. തൊഴിലുടമയുടെ പാസ്‌പോര്‍ട്ട് തിരികെ കിട്ടിയാല്‍ മാത്രമേ അയാള്‍ക്ക് കമ്പനി മുന്നോട്ടു കൊണ്ടു പോകാനാകു എന്ന നിലയെത്തി. തൊഴിലുടമയുടെ അപേക്ഷ പ്രകാരം ശങ്കരനാരായണന്‍ തന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് തൊഴിലുടമയുടെ പാസ്‌പോര്‍ട്ട് വീണ്ടെടുത്തു നല്‍കി.

തൊഴിലുടമയോടുള്ള അടുപ്പവും ആത്മബന്ധവുമാണ് ശങ്കരനാരായണനെ ജാമ്യം നില്‍ക്കാന്‍ പ്രേരിപ്പിച്ചത്. ഈ പകരം ജാമ്യം നില്‍ക്കലാണ് ശങ്കരനാരായണനെ കുടുക്കിയത്. കേസിന്റെ വിചാരണ നടക്കുകയും വിധി വരികയും ചെയ്തു. രണ്ട് ലക്ഷം ദിര്‍ഹം കൊല്ലപ്പെട്ട ബംഗ്ലാദേശ് യുവാവിന്റെ കുടംബത്തിന് ബ്ലഡ് മണിയായി നല്‍കണമെന്നായിരുന്നു വിധി. തൊഴിലുടമ പണമടക്കാമെന്ന് ശങ്കരനാരായണന് ഉറപ്പ് നല്‍കി. എന്നാല്‍ 2013 ല്‍ ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് ശങ്കരനാരായണന്റെ തൊഴിലുടമ മരിച്ചു പിന്നീട് കമ്പനിയുടെ ഉത്തരവാദിത്വമേറ്റെടുത്ത തൊഴിലുടമയുടെ മകന്‍ ബ്ലഡ് മണി നല്‍കാന്‍ തയ്യാറാകാതിരുന്നതോടെ ശങ്കരനാരായണന്‍ ഇവിടെ കുടങ്ങി പോകുകയായിരുന്നു.
ഒരു വര്‍ഷം മുന്‍പ് കമ്പനി ശങ്കരനാരായണനെ പിരിച്ചു വിടുകയും ചെയ്തു. വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നതിന്റെ പിഴയും അടക്കേണ്ടി വന്നു. ഇക്കാര്യങ്ങള്‍ വാര്‍ത്തയായതോടെയാണ് എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക് ശങ്കരനാരായണനെ സഹായിക്കാന്‍ സന്നദ്ധരായി മുന്നോട്ട് വന്നത്. ഏകദേശം മുപ്പത്തിനാല് ലക്ഷം രൂപ ബ്ലഡ് മണിയായി കെട്ടിവച്ച് ബാങ്ക് ശങ്കരനാരായണന്റെ പാസ്‌പോര്‍ട്ട് തിരികെ വാങ്ങുകയും നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം ശങ്കരനാരായണന്‍ നാട്ടിലെത്തി