തോമസ്ചാണ്ടി രാജിവച്ചതില്‍ അഭിമാനിക്കാനുള്ളത് ഏഷ്യാനെറ്റിനും റിപ്പോര്‍ട്ടര്‍ പ്രസാദിനുമാണ്. അചഞ്ചലമായ പിന്‍തുണ തങ്ങളുടെ റിപ്പോര്‍ട്ടറിനു നല്‍കിയ ഏഷ്യാനെറ്റ് മാനേജ്‌മെന്റും അപാരമായ ചങ്കുറപ്പോടെ മുന്നോട്ടു പോയ പ്രസാദെന്ന റിപ്പോര്‍ട്ടറുമാണ് കള്ളന്‍ ചാണ്ടിയെ തെറുപ്പിച്ചത്. ഏഷ്യാനെറ്റ് അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ അമൃതാ ടിവിക്ക് സ്വയം പരിതപിക്കാം, നാണംകെട്ട് തലതാഴ്ത്താം. കാരണം അമൃതാ ടിവിയുടെ ആലപ്പുഴ റിപ്പോര്‍ട്ടര്‍ ആയിരുന്ന ആര്‍ സി രാജീവന്‍ 2011 ല്‍ പുറത്തു കൊണ്ടു വന്നതാണ് തോമസ് ചാണ്ടിയുടെ മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം. പതിനൊന്നോളം അനുബന്ധ വാര്‍ത്തകളും വ്യക്തമായ രേഖകളടക്കം രാജീവന്‍ തയ്യാറാക്കി വച്ചു. പക്ഷെ ആദ്യ വാര്‍ത്ത പുറത്തു വന്ന രാത്രി തന്നെ അമൃതാ ടിവി ന്യൂസ് മേലാളന്‍മാര്‍ സ്വന്തം റിപ്പോര്‍ട്ടര്‍ക്കെതിരെ വാളെടുക്കുകയാണുണ്ടായത്.
ആര്‍ സി രാജീവന്റെ 2011 ലെ വാര്‍ത്ത കാണാം
https://www.facebook.com/100005995681073/videos/663347293875121/
മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റ വാര്‍ത്ത പുറത്തു വന്നയുടന്‍ തിരുവനന്തപുരത്തുണ്ടായിരുന്ന തോമസ് ചാണ്ടിയുടെ ഭാഗം കവര്‍ ചെയ്യാനായി തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ആര്‍ രതീഷിനെ നിയോഗിച്ചു. ( ദുബായ് റേഡിയോ ഏഷ്യയിലെ അവതാരകനായിരുന്ന രതീഷ് രഘുനന്ദന്‍) കാമറമാന്‍ ശരത് കുമാറുമായി തോമസ് ചാണ്ടിയുടെ വീട്ടിലെത്തിയ രതീഷിനു മുന്നില്‍ തോമസ് ചാണ്ടി പൊട്ടിത്തെറിച്ചു ആര്‍ സി രാജീവനെ കൊല്ലുമെന്ന് ഭീഷണിയും മുഴക്കി. കാമറയുടെ മുന്നിലെ തോമസ് ചാണ്ടിയുടെ കൊലവിളി വാര്‍ത്തയാക്കണമെന്ന റിപ്പോര്‍ട്ടര്‍ രതീഷിന്റെ ആവശ്യം നിരാകരിക്കപ്പെട്ടു. അന്ന് രാത്രി തന്നെ അമൃതാ ടിവി വാര്‍ത്താ വിഭാഗം മേധാവിയുടെ ഈമെയില്‍ ആലപ്പുഴ റിപ്പോര്‍ട്ടര്‍ രാജീവന് ലഭിച്ചു. തോമസ് ചാണ്ടിക്കെതിരായ വാര്‍ത്തകള്‍ ഇനി ചെയ്യരുതെന്നായിരുന്നു രാജീവന് ലഭിച്ച കര്‍ശന നിര്‍ദ്ദേശം. ഇതോടെ നിരാശനായ ആര്‍ സി രാജീവന്‍ ചാണ്ടിയുടെ കയ്യേറ്റ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.
തോമസ് ചാണ്ടിയുടെ ഭീഷണിക്കു മുന്‍പില്‍ മുട്ടിടിച്ച ചാനല്‍ മാനേജ്‌മെന്റ് കയ്യേറ്റത്തിന് കുടപിടിക്കുകയെന്ന അധപതനത്തിലേക്കാണ് വീണത്. അടുത്തിടെ ആര്‍ സി രാജീവന്‍ ഇക്കാര്യങ്ങള്‍ തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.
മാധ്യമസ്ഥാപനങ്ങളുടെ പിന്‍തുണയാണ് ഓരോ റിപ്പോര്‍ട്ടറുടെയും ആത്മവിശ്വാസമെന്നും അതിലൂടെയെ സത്യം ലോകമറിയു എന്നുമാണ് ഇത്തരം കാര്യങ്ങള്‍ വെളിവാക്കുന്നത്.