മനോഹരന് ലോട്ടറിയടിക്കുന്നത് തകഴിയില്‍ ഇപ്പോള്‍ വാര്‍ത്തയേയല്ല. കാരണം മനോഹരനെ പിന്‍തുടര്‍ന്ന് സമ്മാനങ്ങള്‍ വാരിക്കോരി നല്‍കുകയാണ് കേരളാ ലോട്ടറി. ഒരു വര്‍ഷത്തിനിടയില്‍ രണ്ട് ഒന്നാം സമ്മാനങ്ങള്‍. പലതവണ വലിയ സമ്മാനങ്ങള്‍, മിക്കവാറും ദിവസങ്ങളില്‍ ചെറു സമ്മാനങ്ങള്‍. അമ്പലപ്പുഴ തകഴി പടഹാരം ലക്ഷമി ഗോകുലത്തില്‍ മനോഹരനെയാണ് കഴിഞ്ഞ ഒരു വര്‍ഷമായി സംസ്ഥാന ലോട്ടറി ഇടതടവില്ലാതെ അനുഗ്രഹിക്കുന്നത്. ഒരായുസ്സ് മുഴുവന്‍ ലോട്ടറി ഭാഗ്യം കാത്തിരുന്ന, അങ്ങിനെ ജീവിതം പിടിവിട്ടു പോയവര്‍ക്കു മുതല്‍ ഒരിക്കലും ലോട്ടറി എടുക്കാത്തവര്‍ക്ക് വരെ മനോഹരന്‍ അദ്ഭുതമായി മാറുകയാണ്.
കഴിഞ്ഞ ദിവസമാണ് മനോഹരന് ഈ വര്‍ഷം രണ്ടാം തവണത്തെ ഒന്നാം സമ്മാനം ലഭിച്ചത്. സംസ്ഥാന ഭാഗ്യക്കുറിയുടെ നിര്‍മ്മല്‍ എന്‍എക്‌സ് 466965 ആണ് ടിക്കറ്റ് നമ്പര്‍. 70 ലക്ഷമാണ് സമ്മാനം. ഇതേ നമ്പറിലെ മുഴുവന്‍ സീരിയല്‍ നമ്പറുകളും മനോഹരന്റെ കൈവശമാണുള്ളത്. ഒരോ നമ്പരിനും പതിനായിരം വീതമുള്ള ആശ്വാസ സമ്മാനവും മനോഹരന് തന്നെ. ഫെബ്രുവരിയില്‍ പൗര്‍ണമി ലോട്ടറിയുടെ 65 ലക്ഷവും മനോഹരന് തന്നെയായിരുന്നു. ഇതിനിടെ ചെറുതും വലുതുമായ മറ്റു സമ്മാനങ്ങളും മനോഹരനെ തേടിയെത്തി.
അമ്പലപ്പുഴ ശ്രീവത്സം ഏജന്‍സിയില്‍ നിന്നാണ് കഴിഞ്ഞ 12 വര്‍ഷമായി ടിക്കറ്റുകള്‍ എടുക്കുന്നത്. നിരന്തരമുള്ള ലോട്ടറിയടി തുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. പതിവായി ലോട്ടറിയെടുക്കും. ഇഷ്ടപ്പെട്ട നമ്പര്‍ കണ്ടാല്‍ കീശ കാലിയാകും വരെ ടിക്കറ്റെടുക്കും. വൈദ്യുതി ബോര്‍ഡില്‍ നിന്ന് ഓവര്‍സിയറായി വിരമിച്ചയാളാണ് മനോഹരന്