വിശപ്പിന് മുകളിലല്ല മരണം പോലും. പാവപ്പെട്ടവരുടെ വിശപ്പിന്റെ വിളിക്ക് കാതോര്‍ക്കുന്നത് കോഴിക്കോട് വെസ്റ്റ്ഹില്‍ എഞ്ചിനിയറിംഗ് കോളജ് വിദ്യാര്‍ത്ഥികളാണ്. എഞ്ചിനിയറിംഗ് പഠനമെന്നാല്‍ മറ്റൊന്നും ശ്രദ്ധിക്കാത്ത എലൈറ്റ് ക്ലാസ് പരിപാടിയല്ലെന്ന് കൂടിയാണ് ഇവര്‍ പറഞ്ഞു വക്കുന്നത്. കോളജിലെ തണല്‍ എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് സമാനതകളില്ലാത്ത നന്‍മയുടെ വിപ്ലവം സൃഷ്ടിക്കുന്നത്. ദിവസം നൂറ്റിയന്‍പതിലേറെ പേര്‍ വിശപ്പടക്കുന്നു, ഇവരുടെ കാരുണ്യം കൊണ്ട്. നാല് മാസമാകുന്നു വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ഭക്ഷണ വിതരണം കോഴിക്കോട് നഗരത്തില്‍ ആരംഭിച്ചിട്ട്.
സ്വന്തം വീടുകളില്‍ നിന്നും ബന്ധുവീടുകളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഓരോ വിദ്യാര്‍ത്ഥിയും പണം കണ്ടെത്തും. ഏതെങ്കിലും ഒരാളുടെ വീട്ടില്‍ ഒത്തുചേര്‍ന്ന് ഭക്ഷണം പാചകം ചെയ്യും. വാഹനത്തില്‍ നഗരത്തിലേക്കെത്തിച്ച് വിതരണം ചെയ്യും. ഇന്ന് കോഴിക്കോട് നഗരത്തില്‍ ഇവരെ കാത്തിരിക്കാന്‍ നൂറ്റിയന്‍പതിലേറെ ആളുകളുണ്ട്. ആഹാരത്തിന് പുറമെ വസ്ത്രങ്ങളും മരുന്നും എത്തിക്കുന്നുണ്ട് വിദ്യാര്‍ത്ഥികള്‍. വീടുകളില്‍ നിന്നും ബാക്കി വരുന്ന മരുന്നുകള്‍ ശേഖരിച്ചാണ് വിതരണം. ഒരുപാട് പേര്‍ക്ക് ഇങ്ങനെ അവശ്യമരുന്നുകള്‍ എത്തിക്കാന്‍ വെസ്റ്റ് ഹില്‍ എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കാകുന്നുണ്ട്.
സ്വന്തമായി ലൈബ്രറിക്ക് തുടക്കമിട്ടു കഴിഞ്ഞി ഇവര്‍. കോഴിക്കോട് കളക്ടര്‍ ഫേസ്ബുക്ക് പേജിലൂടെ ലൈബ്രറിക്കായി പുസ്തകങ്ങള്‍ ആവശ്യപ്പെട്ടതോടെ കാര്യങ്ങള്‍ ഉഷാറായി. സൗജന്യ ഡയാലിസിസ് സെന്ററാണ് ഇവരുടെ അടുത്ത ലക്ഷ്യം. അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു തണല്‍. അധ്യാപകരുടെ പൂര്‍ണ പിന്‍തുണ ഉറപ്പാക്കിയാണ് കുട്ടിക്കൂട്ടമ നന്‍മയുടെ വഴിയെ മുന്നേ നടക്കുന്നത്.