നാദിര്‍ഷാ എന്ന ഹിറ്റ് മേക്കര്‍ വീണ്ടുമെത്തുകയാണ്. ചിരിയുടെ അടുത്ത വെടിക്കെട്ടിന് തിരികൊളുത്താന്‍. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്നീ സൂപ്പര്‍ ഹിറ്റുകളാണ് നാദിര്‍ഷായുടെ ക്രെഡിറ്റിലുള്ള ചിത്രങ്ങള്‍. ഇവ രണ്ടുമാകട്ടെ കളക്ഷന്‍ റെക്കോഡുകള്‍ മാറ്റിയെഴുതിയ ചിത്രങ്ങളും. പ്രേക്ഷകര്‍ക്ക് വമ്പന്‍ പ്രതീക്ഷ നല്‍കി വീണ്ടുമെത്തുകയാണ് നാദിര്‍ഷ. മേരാ നാം ഷാജിയെന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കേരളത്തിലെ മൂന്നു നഗരങ്ങളിലുള്ള മൂന്നു ഷാജിമാരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.നവാഗതനായ മിമിക്രി കലാകാരനാണ് തിരക്കഥയൊരുക്കുന്നത്.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും തീയറ്ററുകലിലെത്തിച്ച സന്ദീപ് സേനനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്ദീപ് സേനന്‍ വഴിയാണ് തിരക്കഥ നാദിര്‍ഷായിലേക്കെത്തുന്നതും. കട്ടപ്പനയിലെ ഋതിക് റോഷന്‍ തമിഴില്‍ ചെയ്യുവാനുള്ള തയ്യാറെടുപ്പിലായിരുന്നു നാദിര്‍ഷ. ദിലീപ് ചിത്രം വൈകിയതിനെ തുടര്‍ന്നാണ് കട്ടപ്പന തമിഴില്‍ ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനൊപ്പമാണ് മേരാ നാം ഷാജിയെത്തുന്നത്. സജീവ് പാഴൂരിന്റെ തിരക്കഥയില്‍ ദിലീപുമൊത്ത് ചെയ്യുന്ന കേശു ഈ വീടിന്റെ നാഥനാണ് നാദിര്‍ഷായുടെ ഉറപ്പായ മറ്റൊരു ചിത്രം. നടിയെ ആക്രമിച്ച കേസ് നീളുന്നതിനാലാണ് ഈ ചിത്രം മാറ്റി വക്കപ്പെട്ടത്.