തിരുവനന്തപുരം: അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ മികച്ച സ്ഥാനാര്‍ഥികളെ തിരയുന്ന സിപിഐ കേരള ഘടകത്തിന് വീണ്ടും തിരിച്ചടി. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ പേമെന്റ് സീറ്റ് വിവാദം പാര്‍ട്ടി സ്ഥാനാര്‍ഥി മൂന്നാംസ്ഥാനത്തേക്ക് കൂപ്പുകുത്തിയതും അഭിമാനക്ഷതമേല്‍പ്പിച്ച സിപിഐക്ക് അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജനപ്രീതീയും സ്വാധീനവുമുള്ള ഒരു നേതാവ് അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ ഏറെ ആരാധകരുള്ള ജെന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍നേതാവ് കനയ്യ കുമാറിനെ തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാന്‍ സിപിഐ കേരള ഘടകം ആലോചിച്ചത്. ഇക്കാര്യം പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നാലെ കനയ്യ കുമാറിനെ പങ്കെടുപ്പിച്ച് മൂന്നോളം സമ്മേളനങ്ങളും തിരുവനന്തപുരത്ത് സിപിഐ സംഘടിപ്പിച്ചു.
എന്നാല്‍ 2019ലെ ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ കനയ്യ കുമാറിനെ ബിഹാറില്‍ മത്സരിപ്പിക്കാന്‍ സിപിഐ ബീഹാര്‍ ഘടകം തീരുമാനിച്ചിട്ടുണ്ട്. സിപിഐ ബീഹാര്‍ സംസ്ഥാന സെക്രട്ടറി സത്യനാരായണ്‍ സിങ് ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. ബീഹാറിലെ ബഗുസരായ് മണ്ഡലത്തിലാവും കനയ്യ മത്സരിക്കുക. ബിഹാറിലെ ലെനിന്‍ഗ്രാഡ് എന്നറിയപ്പെടുന്ന ബഗുസരായ് സിപിഐക്കു വന്‍ സ്വാധീനമുള്ള മണ്ഡലമാണ്. അതേസമയം തിരുവനന്തപുരത്ത് മികച്ച സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള സിപിഐയുടെ നീക്കം അണിയറയില്‍ പുരോഗമിക്കുകയാണ്.
യുഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എം.പി ശശി തരൂര്‍ തന്നെ വീണ്ടും ജനവിധി തേടിയേക്കും. സുരേഷ്‌ഗോപി എം.പിയോ കുമ്മനം രാജശേഖരനോ ആകും ബിജെപി സ്ഥാനാര്‍ഥിയാകുക. ഈ സാഹചര്യത്തില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് അനുയോജ്യനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കില്‍ കഴിഞ്ഞ തവണ നേരിട്ട അതേ തിരിച്ചടി തന്നെയാകും സിപിഐയെ കാത്തിരിക്കുക. മികച്ച സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മണ്ഡലം സിപിഎം ഏറ്റെടുക്കാനും സാധ്യതയുണ്ട്.