തിരുവനന്തപുരം: താരസംഘടനയായ അമ്മ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതിനു പിന്നാലെ മലയാള സിനിമയിലെ പ്രമുഖ താരങ്ങളെ അണിനിരത്തി സംവിധായകന്‍ വിനയന്‍ തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക്. മണ്‍മറഞ്ഞ നടന്‍ കലാഭവന്‍ മണിയുടെ ജീവിതം പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിന്റെ പൂജ ഈമാസം അഞ്ചിന് എറണാകുളത്ത് നടക്കും. ചടങ്ങില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി മുഖ്യാതിഥിയായി പങ്കെടുക്കും. മന്ത്രി എ.കെ ബാലന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കെ.വി തോമസ് എം.പി, ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വലിയൊരു താരനിരയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ അണിനിരക്കുന്നത്.
ജോയ് മാത്യു, സലിംകുമാര്‍, ജോജു ജോര്‍ജ്, ധര്‍മജന്‍, രമേഷ് പിഷാരടി, സുനില്‍ സുഗദ, ഹരീഷ് കണാരന്‍, കോട്ടയം നസീര്‍, ശ്രീജിത്ത് രവി, സൈജു കുറുപ്പ്, ഹണി റോസ്, ബിജുകുട്ടന്‍, ഷാജി നവോദയ തുടങ്ങിയവര്‍ ചിത്രത്തിന്റെ ഭാഗമാകും. ഇവര്‍ക്കൊപ്പം പ്രമുഖതാരങ്ങളും അഭിനയിക്കും. ആല്‍ഫ ഫിലിംസിന്റെ ബാനറില്‍ ഗ്ലാസ്റ്റന്‍ ഷാജി നിര്‍മിക്കുന്ന ചിത്രത്തിന് ഉമ്മര്‍ മുഹമ്മദാണ് തിരക്കഥ ഒരുക്കുന്നത്. ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് ബിജിബാല്‍ സംഗീതം നല്‍കുന്നു. പ്രകാശ് കുട്ടിയാണ് ഛായാഗ്രഹണം. കാക്കനാട് പാര്‍ക്ക് റെസിഡന്‍ഡിസില്‍ അഞ്ചിന് രാവിലെ പത്തുമണിക്കാണ് ചാലക്കുടിക്കാര ന്‍ ചങ്ങാതിയുടെ പൂജ.
കഴിഞ്ഞ ഒന്നരവര്‍ഷമായി ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമ എടുക്കണമെന്ന് മനസ്സില്‍ തോന്നി തുടങ്ങിയതായി വിനയന്‍ പറയുന്നു. അകാലത്തില്‍ വിട്ടുപിരിഞ്ഞ മലയാളത്തിന്റെ അനുഗ്രഹീത കലാകാരന്‍ കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി എടുക്കുന്ന ഈ ചിത്രം മഹാനായ ആ കലാകാരനു കൊടുക്കുന്ന ആദരവാണെന്നും അതേസമയം ഈ സിനിമ കലാഭവന്‍ മണിയുടെ ബയോപിക് ആയിരിക്കില്ലെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.