മൈസൂരുവിലെ തുറന്ന വേദിയില്‍ ആയിരങ്ങള്‍ കണ്ണുനിറഞ്ഞും ആരവും മുഴക്കിയും വിടനല്‍കിയത് 60 വര്‍ഷത്തിലേറെ നീണ്ട കലാസപര്യക്കായിരുന്നു. എസ് ജാനകിയുടെ അവസാന പൊതുവേദിയായിരുന്നു മാനസ ഗംഗോത്രിയിലെ ഇന്നലത്തെ പരിപാടി. പ്രയാധിക്യം കൊണ്ട് പാട്ടു നിര്‍ത്തുന്നുവെന്നാണ് ജാനകി നല്‍കുന്ന വിശദീകരണം. നേരത്തെ പിന്നണി ഗാനരംഗത്തു നിന്നും ജാനകിയമ്മ പിന്‍വാങ്ങിയിരുന്നു. ഇതോടെ എസ് ജാനകിയുടെ സംഗീതജീവിതത്തിന് തിരശ്ശീല വീഴുകയാണ്.
1957 ല്‍ പുറത്തിറങ്ങിയ വിധിയിന്‍ വിളയാട്ടാണ് ജാനകിയുടെ ആദ്യ സിനിമ. മലയാളം തമിഴ് കന്നഡ തെലുങ്ക് സിംഹള ഭാഷകളിലായി അന്‍പതിനായിരത്തിലധികം പാട്ടുകള്‍. നാലു തവണ ദേശീയ പുരസ്‌ക്കാരം. വിവിധ സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ 36 തവണ. 2013 ല്‍ പത്മഭൂഷണ്‍. പത്തുകല്‍പനകള്‍ എന്ന സിനിമയിലാണ് അവസാനമായി പാടിയത്.
അവസാന പൊതുവേദിയില്‍ മലയാളമടക്കം നിരവധി ഗാനങ്ങള്‍ ജാനകിയമ്മ പാടി. അഭിനേതാക്കളും സംഗീതജ്ഞരുമടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു. “നിങ്ങളുടെ സ്‌നേഹമാണ് എന്നെ ഇവിടെ എത്തിച്ചത്. ഞാന്‍ തൃപ്തയാണ്” എന്ന് പറഞ്ഞാണ് ജാനകിയമ്മ തന്റെ അവസാന വേദി വിട്ടത്.