നക്കാപ്പിച്ചാ ശമ്പളത്തിന് മാനേജ്‌മെന്റുകളുടെ ക്രൂരതകള്‍ക്ക് ഇരയായി നരകജീവിതം നയിക്കാനണ് നെഴ്‌സുമാരുടെ വിധി. പരമോന്നത നീതി പീഠവും മാലാഖമാരെ കൈവിടുകയാണ്. നെഴ്‌സുമാരുടെ വേതനം പരിഷ്‌കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ശമ്പള പരിഷ്‌ക്കരണ സമിതി നല്‍കിയ ശിപാര്‍ശകള്‍ നടപ്പാക്കുന്നത് സുപ്രീം കോടതി തടഞ്ഞു. ഇന്നലെയാണ് വിധിയുണ്ടായത്.
സമിതി നല്‍കിയ വേതന പരിഷ്‌ക്കരണ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് നവംബര്‍ മൂന്ന് വരെ നടപ്പാക്കരുതെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം. ശമ്പള പരിഷ്‌ക്കരണ സമിതിയില്‍ ആശുപത്രി ഉടമകള്‍ക്ക് പ്രാതിനിധ്യമില്ലെന്ന വാദം പരിഗണിച്ചാണ് കോടതി നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷനാണ് ഹര്‍ജിയുമായി സുപ്രീം കോടതിയിലെത്തിയത്.
മുന്‍കാല പ്രാബല്യത്തോടെ ശമ്പള വര്‍ധനവ് നടപ്പിലാക്കാനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനവും ഉടന്‍ പുറത്തിറക്കാനുള്ള നടപടികളും പൂര്‍ത്തിയായിരുന്നു. എന്നാല്‍ സുപ്രീം കോടതി സ്‌റ്റേയോട് കൂടി നവംബര്‍ മുതല്‍ മാന്യമായ ശമ്പളം കിട്ടുമെന്ന നെഴ്‌സുമാരുടെ പ്രതീക്ഷയാണ് പൊലിയുന്നത്. വേതന വര്‍ധനവ് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം പരമാവധി നീട്ടിക്കൊണ്ടു പോകാനാണ് മാനേജ്‌മെന്റുകള്‍ ശ്രമിക്കുന്നത്. ഇതിനിടെ ശമ്പള വര്‍ധനവ് മുന്നില്‍ കണ്ട് ചികിത്സാഫീസ് വര്‍ധിപ്പിക്കുന്നതിലേക്കും ആശുപത്രികള്‍ എത്തിയിരുന്നു.
നെഴ്‌സുമാര്‍ക്കെതിരെ പലവിധത്തിലുള്ള പ്രതികാര നടപടികളും നടക്കുന്നുമുണ്ട്. പിടിച്ചുവിട്ടും ജോലി സമയം കൂട്ടിയും പ്രാകൃതമായ ഷിഫ്റ്റ് സംവിധാനം കൊണ്ടുവന്നുമൊക്കെയാണ് മാനേജ്‌മെന്റുകളുടെ പ്രതികാര നടപടികല്‍. പുറമെ വിട്ടുപോകാന്‍ ശ്രമിക്കുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ അകാരണമായി തടഞ്ഞുവക്കുകയും വിദേശ തൊഴില്‍ സാധ്യതകള്‍ ഇല്ലാതാക്കുന്ന പ്രവണതകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വിദേശ ജോലിക്ക് ശ്രമിക്കുന്ന നെഴ്‌സുമാരാണ് കൂട്ടത്തില്‍ കൂടുതല്‍ വേട്ടയാടപ്പെടുന്നത്.
വിദേശ റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കാതിരിക്കുക, ചെക്ക്ബാക്ക് സര്‍വീസില്‍ പ്രതികൂല നിലപാടെടുക്കുക തുടങ്ങിയ പരിപാടികളും മാനേജ്‌മെന്റുകള്‍ പരീക്ഷിക്കുന്നു. പരമാവധി പീഢനം കുറഞ്ഞ വേതനമെന്ന നിലയിലാണ് നെഴ്‌സുമാരുടെ തൊഴില്‍ ജീവിതം മുന്നോട്ടു പോകുന്നത്.